Pages

Tuesday, April 23, 2013

അഭ്രപാളികൾ


നാട്ടിൽ നിന്നും നാളെ തിരിച്ചു പോണം. മണ്ണിന്റെ പച്ചപ്പിൽ നിന്നും പറന്നുയർന്ന്, മണലിന്റെ ഉരുകുന്ന ചൂടിൽ ജീവിതത്തിന്റെ പച്ചപ്പു തെരഞ്ഞുപിടിയ്ക്കണം. പറ്റുമെങ്കിൽ വിത്തുവിതയ്ക്കാതെ മറ്റുള്ളവന്റെ പാടത്തുകയറി വിള കൊയ്തെടുക്കണം!

നാട്ടിൽ വന്നിട്ട് ഇരുപത് ദിവസങ്ങൾ വളരെപ്പെട്ടെന്നായിരുന്നു കടന്നു പോയത്. നാളെ തിരിച്ചു പോണം എന്ന സത്യം മനസ്സിൽ കുറച്ചു ഫീലിങ്സ് ഉണ്ടാക്കിയോ. എന്റെ പ്രിയപെട്ട ഒരു ചേച്ചി എന്നോട് ചോദിച്ചതു പോലെ ഒരു ‘നൊസ്റ്റാൾജിയ...!‘

വീട്ടിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ദൂരമുണ്ട് ആറ്റിങ്ങൽ എന്ന മഹാനഗരത്തിലേയ്ക്ക്. ഇന്നെന്താണെന്നറിയില്ല, ബസിൽ ആറ്റിങ്ങൽ വരെ ഒന്നു പോകാൻ തോന്നി. ഏതോ ഒരദൃശ്യ ശക്തി എന്നോട് മന്ത്രിച്ചതു പോലെആരെയോ കാണാനുണ്ട് എന്ന്.

ആറ്റിങ്ങൽ ബസ്സ്റ്റാന്റിൽ ഇറങ്ങി. ഒരല്പം മാറി ഒരു സുഹൃത്തിന്റെ കമ്പ്യൂട്ടർ സെന്റർ ഉണ്ട്. ഓരോ വർത്തമാനങ്ങളും പറഞ്ഞ് നാലര മണി വരെ അവിടെ ഇരുന്നു. പിന്നെ തിരിച്ച് വീട്ടിലേയ്ക്ക് പോകാനായി വീണ്ടും സ്റ്റാന്റിലേക്കു വന്നു. വീടിന്റെ മുന്നിൽക്കൂടി പോകുന്ന ഒരു ബസ് വന്നെങ്കിലും അതിൽ കയറാൻ തോന്നിയില്ല. സ്റ്റാന്റിൽ നിറയെ സ്കൂൾ-കോളേജ് പിള്ളാരുണ്ടായിരുന്നതു കൊണ്ടാവും അതിൽ കയറണ്ടാ എന്നു മനസ്സു പറഞ്ഞത്. പരിചയമുള്ള ഏതെങ്കിലും മുഖങ്ങൾ അക്കൂട്ടത്തിലുണ്ടോ എന്നു പരതിക്കൊണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല.

കണ്ട പെൺപിള്ളാരെയൊക്കെ വായ്നോക്കിയിരുന്ന് സമയം 5 മണി ആയി. അപ്പോഴേയ്ക്കും മറ്റൊരു ബസ് വന്നു. ഇനിയും പെമ്പിള്ളാരെയും നോക്കിയിരുന്ന് സമയം കളയണ്ടാന്നു കരുതി ആ ബസിൽ കയറാനായി പോകുമ്പോൾ പെട്ടെന്നൊരു മുഖം കണ്ണിൽ‌പ്പെട്ടു. ഞാൻ കയറാൻ പോയ ബസിന്റെ മുൻവാതിലിലൂടെ അവൾ - എന്റെ മുൻ പ്രിയതമ ബസിലേയ്ക്കു കയറുന്നു. അവളുടെയും എന്റെയും കണ്ണുകൾ തമ്മിൽ ഒരു നിമിഷം ഉടക്കി. മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി. ശൂ എന്ന ശബ്ദത്തോടെ അത് ശരീരത്തിനുള്ളിലെവിടെയൊക്കെയോ പാഞ്ഞു നടന്നു.

അവളിരുന്നതിന്റെ രണ്ടു സീറ്റു പുറകിൽ എനിയ്ക്കും മൂടുതാങ്ങി കിട്ടി. എന്റെ മനസ്സു നിറയെ പഴയ ഓർമ്മകൾ കലപില ചിലച്ച് ബഹളം കൂട്ടിക്കൊണ്ടിരുന്നു. ഞാൻ പതുക്കെ എന്റെ വലതുകൈയ്യുടെ പിന്നാമ്പുറം മൂക്കിനോട് ചേർത്തു വെച്ച് ഏതോ ഓർമ്മകളുടെ സുഗന്ധത്തിനായി അവിടെയൊക്കെ പരതി. അവളുടെ ആ ഗന്ധം, മത്തുപിടിപ്പിയ്ക്കുന്ന മണം എന്റെ നാസാരന്ധ്രങ്ങളിൽ നിറയ്ക്കുവാൻ ഞാൻ കൈ കൂടുതൽ മൂക്കിനോട് ചേർത്തുവെച്ചു. ആ മണം വീണ്ടും അവളിൽ നിന്നും എന്നിലേയ്ക്കൊഴുകിയെത്തുന്നത് ചെറിയൊരു വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു. ഓർമ്മകളുടെ പൂക്കാലത്തിൽ ഞാൻ എന്നെത്തന്നെ മറക്കുന്നുണ്ടായിരുന്നു. മെല്ലെ തല ഉയർത്തി മുന്നിലേയ്ക്കു നോക്കി. അവൾ അറിയാത്ത ഭാവത്തിൽ എന്നെ നോക്കുന്നതു ഞാൻ കണ്ടു. അതു കണ്ടില്ല എന്ന ഭാവത്തിൽ മറ്റൊരു ദിശയിലേയ്ക്ക് ഞാനെന്റെ മിഴികൾ പായിച്ചു. കുറച്ചു നിമിഷങ്ങൾക്കു ശേഷം പ്രണയത്തിന്റെ സുഗന്ധവും സ്നേഹവും പേറി എന്റെ മിഴികൾ വീണ്ടും അവളുടെ പിൻകഴുത്തിൽ തന്നെ ചെന്നു തറച്ചു. ആ തറച്ചിലിന്റെ ശക്തി ഒരല്പംകൂടിപ്പോയെന്നു തോന്നുന്നു. അതിന്റെ പ്രതിഭലനമെന്നോണം അവളൊന്നിളകിയിരുന്നു. പിന്നിൽ അലസമായിട്ടിരുന്ന മുടി മാടിയൊതുക്കി മുന്നിലേയ്ക്കിട്ടു. ആ കഴുത്തിൽ ഇനിയും എന്റെ മിഴിയമ്പുകൾ ഏൽക്കാൻ സ്ഥലമുള്ളതുപോലെ എനിയ്ക്കു തോന്നി.

അടുത്ത സ്റ്റോപ്പു വരെയേ കണ്ണുകൊണ്ട് എനിയ്ക്കീ അമ്പേറ് നടത്താൻ കഴിഞ്ഞുള്ളൂ. കാരണം അവിടെ അവൾ ഇറങ്ങും. തൊട്ടടുത്ത സ്റ്റോപ്പിൽ ഞാനും. രണ്ട് സ്റ്റോപ്പുകളും തമ്മിൽ 300 മീറ്റർ ദൂരമേ ഉള്ളൂ. എങ്കിലും അവളുടെ കൂടെ അവിടെ ഇറങ്ങാൻ മനസ്സിനൊരു വൈക്ലബ്യം. ഇറങ്ങുമ്പോഴും അവളുടെയും എന്റെയും കണ്ണുകൾ തമ്മിൽ ഉടക്കാനും, മനസ്സിൽ ഒരു കൊള്ളിയാൻ കൂടി പായിയ്ക്കാനും ഞാൻ കാത്തു കാത്തിരുന്നു. അതിനായി അവളുടെ മേൽ എയ്തുവിടാൻ നല്ലൊരു അമ്പ് കണ്ണുകളിൽ തയ്യാറാക്കി വെച്ചു. പക്ഷേ അവൾ എന്നെ നോക്കാതെ ബസിന്റെ പടികളിറങ്ങി. ഒരമ്പു വേസ്റ്റായി!

രാത്രി ഉറങ്ങാൻ കിടന്നപ്പോഴും അവളെ ഒന്നു കൂടി കാണണം എന്നു തന്നെ മനസ്സ് ആവർത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു. നിർത്താതെയുള്ള ആ നിർബന്ധത്തിനു മുന്നിൽ വഴങ്ങാതിരിയ്ക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. അതിനു കാരണങ്ങൾ പലതാണ്. അതിൽ പ്രധാനം,  വീണ്ടും ആവശ്യമില്ലാത്ത ഓർമ്മകൾ കൊണ്ട് വന്ന് വെറുതേ ഹൃദയത്തെ ഒരു ചവറ്റുകൊട്ട ആക്കണ്ട എന്നതു തന്നെയായിരുന്നു. പിന്നെ നാളെ രാവിലെ മരുഭൂമിയുടെ പറുദീസയിലേയ്ക്ക് ഗൾഫിലേയ്ക്ക് പോകണം.

എന്തൊക്കെയോ, ഏതൊക്കെയോ ഓർമ്മകൾ മനസ്സിൽ ഉഴുതുമറിഞ്ഞു കൊണ്ടിരുന്നു. പ്രണയത്തിന്റെ മറ്റാരും കാണാത്ത പാടങ്ങൾ കയ്യേറി ഞാനും അവളും കൂടി വിത്തു വിതച്ചതുംഅതിനെ കാത്തുസൂക്ഷിച്ചതും വിള കൊയ്തതുമെല്ലാം മനസ്സിന്റെ അഭ്രപാളികളിൽ നനവു പടർത്തി. മനസ്സ് എപ്പോഴും അഭ്രപാളിയായിരിയ്ക്കാതെ വല്ലപ്പോഴുമെങ്കിലും ഒന്ന് ഉരുകിയൊലിച്ചിരുന്നെങ്കിൽ! ആ നിമിഷത്തിൽ ആത്മാർത്ഥമായും ഞാനത് ആഗ്രഹിച്ചിരുന്നു. ഓർമ്മകൾ ഉരുകിയൊലിച്ച് വെന്തു വെണ്ണീറായി, നശിച്ച്, നീരാവിയായി ആകാശത്തേയ്ക്കുയർന്നു പോയിരുന്നെങ്കിൽ! പിന്നൊരിയ്ക്കലും ഓർമ്മകളുടെ മഴക്കാലമായി മനസ്സുകളിലേയ്ക്ക് അതു പെയ്തിറങ്ങാതിരുന്നെങ്കിൽ!

കൊയ്ത്തു കഴിഞ്ഞ് വരണ്ടുണങ്ങിയ പാടത്തിൽ കന്നുകാലികളെ മേയാൻ വിടുന്നതു പോലെ ഞാനും ഓർമ്മകളെ ഹൃദയത്തിനുള്ളിൽ കെട്ടഴിച്ചു വിട്ടു. ചുമ്മാ കിടന്നു മേയട്ടെ... പുല്ലില്ലാത്ത വയലിൽ എന്തു നഷ്ടം...! ആർക്കു നഷ്ടം!

രാവിലെ 9 മണിയ്ക്കാണു ഫ്ലൈറ്റ്. 7 മണിയ്ക്കു തന്നെ വീട്ടിൽ നിന്നിറങ്ങി. 7.35നു എയർപോർട്ട് എത്തി. വിമാനത്താവളത്തിനുള്ളിൽ ലഗേജ് ഏക്സ്റേ സ്ക്രീനിംഗ് കഴിഞ്ഞ്, വീണ്ടും അതെല്ലാം എടുത്ത് ട്രോളിയിൽ വെച്ചു. ലഗേജ് ഭാരം നോക്കി അയയ്ക്കുന്നിടത്തെത്തിയപ്പോൾ മനസ്സിൽ വല്ലാത്തൊരു ഇടർച്ച. ആരോ തിരികെ വിളിയ്ക്കുന്നതു പോലെ. ഇന്നലെ അവളെ കണ്ടപ്പോൾ മിന്നിയ കൊള്ളിയാൻ വീണ്ടും ഉള്ളിൽക്കിടന്നു പുളയുന്നതു പോലെ... തിരിച്ചു പോയാലോ! വേണ്ട;എന്തിനു വേണ്ടി ആർക്കു വേണ്ടി പോണം.! മനസ്സിനെ ഒരുവിധം അനുസരിപ്പിച്ചു നിർത്തി.

ഇമിഗ്രേഷനും, സെക്യൂരിറ്റി ചെക്കിംഗും കഴിഞ്ഞ് വിമാനത്തിനുള്ളിലേയ്ക്ക് കടക്കാൻ കാത്തിരുന്നു. ഏതാനും നിമിഷങ്ങൾ കൂടിയേ ആ കാത്തിരുപ്പ് നീണ്ടുള്ളൂ. ബാഗും എടുത്ത് വിമാനത്തിനുള്ളിലേയ്ക്ക്. 9A, അതായിരുന്നു എന്റെ സീറ്റ്. ചിറകിനടുത്ത് ജനാലയോട് ചേർന്നുള്ള ഇരിപ്പിടം. ഓണം അടുത്തതു കൊണ്ടാവും തീരെ ആളു കുറവായിരുന്നു. എന്റെ അടുക്കലും മറ്റാരും ഇല്ല. ഞാൻ സീറ്റ് ബെൽറ്റും ഇട്ട് പതിയെ കണ്ണുകളടച്ചു. ഓർമ്മകളെ തിരിച്ചുകൊണ്ടുവരാൻ ആഗ്രഹമില്ലാതിരുന്നിട്ടും വെറുതേ ഓർമ്മിയ്ക്കാൻ ആഗ്രഹിച്ചു. കൊഴിഞ്ഞു പോയ പൂക്കാലം വീണ്ടും ഓർമ്മകളിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിച്ചു. കുറച്ചു മടിച്ചു നിന്നിട്ടാണെങ്കിലും പതിയെപ്പതിയെ ആ ഓർമ്മകൾ വീണ്ടും എന്നിൽ പുഷ്പിയ്ക്കുവാൻ തുടങ്ങിയിരുന്നു.

************************************
എയർ ഹോസ്റ്റസ് തട്ടി വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. ഇത്ര പെട്ടെന്നു ദമ്മാം എത്തിയോ! ഞാൻ അതിശയത്തോടെ ഒരു ചോദ്യഭാവത്തിൽ എന്റെ മുന്നിൽ നിന്ന ആ പറക്കുന്ന സുന്ദരിയുടെ കണ്ണുകളിലേയ്ക്കു നോക്കി. ലിപ്സ്റ്റിക്ക് ഇട്ടു ചുവപ്പിച്ച ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി നിറച്ചു കൊണ്ട് അവൾ എന്റെ സംശയം മാറ്റിത്തന്നു. എയർ ഇന്ത്യയുടെ സ്ഥിരം പരിപാടി തന്നെയായിരുന്നു കാരണം. എന്തോ മെക്കാനിക്കൽ പ്രോബ്ലം കാരണം ഇന്നത്തെ ട്രിപ്പ് മാറ്റിവെച്ചുവത്രേ! രോഗി ഇച്ഛിച്ചതും വൈദ്യൻ കൽ‌പ്പിച്ചതും എഞ്ചിൻ ഫെയ്ലിയർ എന്നു പണ്ടാരോ പറഞ്ഞതുപോലെ ഞാൻ വേഗം ചാടിയെഴുന്നേറ്റു. എവിടെയോ കുരുങ്ങി ഞാൻ വീണ്ടും സീറ്റിലേയ്ക്കു തന്നെ മലർന്നടിച്ചു വീണു. സീറ്റ്ബെൽറ്റ് അഴിച്ചിട്ടുണ്ടായിരുന്നില്ലെന്ന് അപ്പോഴാണു മനസ്സിലായത്. എയർ ഹോസ്റ്റസ് സുന്ദരിയുടെ സുന്ദരകരങ്ങൾ എന്നെ സഹായിക്കാനെത്തി. വിമാനക്കമ്പനി വക ഹോട്ടൽ ഉണ്ടെന്നു ആ ചെമ്പകപ്പൂ സുന്ദരി വീണ്ടും എന്നെ ഓർമ്മിപ്പിച്ചു. പക്ഷേ അതു നിരസിച്ച്, എപ്പോഴാണ് ഇനി  ആകാശയാനത്തിന്റെ യാത്രയെന്നു തിരക്കിയറിഞ്ഞ് വലിയ നൂലാമാലകളില്ലാതെ ഞാൻ പുറത്തുകടന്നു. മൊബൈൽ ഉള്ളതു കൊണ്ട് യാത്രയയ്ക്കാൻ വന്ന കാർ തിരിച്ചുവിളിയ്ക്കാ‍ൻ പറ്റി.

സീ യൂ പറഞ്ഞ് അകത്തേയ്ക്കു പോയവൻ ബാഗും തള്ളി പുറത്തേയ്ക്കു വരുന്നതു കണ്ട എന്റെ അനിയനും കൂട്ടുകാരും ചെറിയൊരു അന്ധാളിപ്പോടെ എന്റെ മുഖത്തേയ്ക്കു നോക്കി. എയർ ഇന്ത്യ ഇന്നു സർവീസ് നടത്തുന്നില്ല. എന്തോ ടെക്നിക്കൽ പ്രോബ്ലം എന്നു പറഞ്ഞ് ഞാൻ ഒരു വിജുഗിഷുവിന്റെ ഭാവത്തിൽ കാറിലേയ്ക്കു കയറി. പലപ്പോഴും സംഭവിയ്ക്കുന്ന എയർ ഇന്ത്യയുടെ തോന്ന്യാസം എനിയ്ക്കപ്പോൾ ഗുണമായി വന്നതിന് ഈശ്വരനും, എയർ ഇന്ത്യയ്ക്കും മനസ്സാ നന്ദി പറഞ്ഞു.

വീട്ടിൽ വന്നപ്പോൾ അവിടുള്ളവരോടും കാര്യകാരണങ്ങൾ ആവർത്തിയ്ക്കേണ്ടി വന്നു. ഇനി വീണ്ടും ഒരു സെന്റിമെന്റൽ സീൻ കൂടി ക്രിയേറ്റ് ചെയ്യണമല്ലോ എന്ന ഭാവത്തിൽ യാത്രയയപ്പ് ഗംഭീരമാക്കാൻ വന്ന എല്ലാവരും സ്വഗൃഹങ്ങളിലേയ്ക്ക് തിരിച്ച് പോയി. ഞാൻ എന്റെ റൂമിലേയ്ക്കും.

ഉച്ച കഴിയാൻ ഞാൻ കാത്തിരുന്നു. അവളെ കണ്ടേ പറ്റൂ. എനിക്കവളോട് സംസാരിയ്ക്കണം. ഞാൻ മനസ്സിലുറച്ചു.
മൂന്നു മണിയായപ്പോൾ തന്നെ ആറ്റിങ്ങലേയ്ക്കു പോയി. അവളെയും കാത്ത് സ്റ്റാന്റിൽ ഇരുന്നു. ഓരോ നിമിഷത്തിനും ഒരുപാട് നീട്ടമുള്ളതു പോലെ തോന്നി. സമയം ഇഴഞ്ഞിഴഞ്ഞ്  മണിയാകുന്നു. ഇന്നലെ ഞാനും അവളും പോയ ബസ് സ്റ്റാന്റ് പിടിച്ചു. അതെന്നെ മാടി വിളിയ്ക്കുന്നുണ്ട്. പക്ഷേ അവൾ വരാതെ ആ ബസിന്റെ ക്ഷണം സ്വീകരിയ്ക്കാൻ പറ്റില്ലല്ലോ!

കുറച്ചു നിമിഷങ്ങൾ കൂടി കഴിഞ്ഞു കാണും. അവൾ ബസിനടുത്തേയ്ക്ക് നടന്നു നീങ്ങുന്നത് എന്റെ എക്സ്റേ കണ്ണുകൾ കണ്ടു പിടിച്ചു. ഞാൻ വേഗം അവളുടെ അടുത്തേയ്ക്ക് നടന്നു. നടക്കുകയായിരുന്നില്ല, ഓടി. അവൾ ആദ്യത്തെ പടിയിലേയ്ക്ക് വലതു കാൽ വെച്ചു കയറാൻ തുടങ്ങിയതും അവളുടെ കയ്യിൽ കയറിപ്പിടിച്ചു. അവൾ ഞെട്ടിത്തെറിച്ച് എന്നെ നോക്കി. എന്തു ചെയ്യണം എന്നറിയാൻ പറ്റാത്ത അവസ്ഥ. അവൾക്കും എനിയ്ക്കും അപ്പോൾ ഒരേ മാനസികവ്യാപാരം ആയിരുന്നിരിയ്ക്കണം. അതിനിടയിൽ അവൾ എന്നിൽ നിന്നും കൈ വിടുവിയ്ക്കാൻ ഒരു പാഴ്ശ്രമം നടത്തി. പക്ഷേ ഞാൻ കൂടുതൽ മുറുക്കിപ്പിടിച്ചു. നീ വാ, എനിയ്ക്കൊരു കാര്യം പറയാനുണ്ട് എന്നും പറഞ്ഞ് ഞാൻ അവളുടെ കൈ വിട്ട് സ്റ്റാന്റിനു പുറത്തേയ്ക്ക് നടന്നു. എനിയ്ക്കുറപ്പുണ്ടായിരുന്നു അവൾ എന്റെ പുറകേ വരുമെന്ന്. അതു തന്നെ സംഭവിച്ചു. അവൾ പുറകേയുണ്ടെന്ന് എനിയ്ക്കു മനസ്സിലായി. സ്റ്റാന്റിൽ നിന്നും അല്പം മാറി ഞങ്ങൾ സ്ഥിരം സല്ലപിയ്ക്കാറുള്ള ഇടറോഡ് ആയിരുന്നു എന്റെ ലക്ഷ്യം. ഈ സമയത്ത് അധികം ആൾസഞ്ചാരം അവിടെയുണ്ടാവില്ലെന്നു ഞാൻ കണക്കു കൂട്ടി.

ഇടറോഡിൽ പെട്ടെന്നാരുടെയും കണ്ണിൽ‌പ്പെടാത്ത ഒരു സ്ഥലത്ത് ഞാൻ സ്ഥാനം പിടിച്ചു, കൂടെ അവളും. ഞാൻ അവളുടെ കണ്ണുകളിലേയ്ക്ക് ആർദ്രതയോടെ നോക്കി. അവളുടെ കണ്ണുകളിൽ നനവു പടർന്നിരിയ്ക്കുന്നതു പോലെ എനിയ്ക്കു തോന്നി. അവളോട് ചോദിയ്ക്കാനും പറയാനുമുള്ളതെല്ലാം മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്നതുകൊണ്ട് ആലോചിയ്ക്കാൻ നിൽക്കാതെ നേരേ കാര്യത്തിലേയ്ക്ക് കടന്നു. എന്താടാ, എന്താ  നിനക്കെന്നോട് ഇത്ര വെറുപ്പു തോന്നാൻ?” അതും ചോദിച്ച് അവളുടെ തോളുകളിൽ ഞാനെന്റെ കൈകൾ താങ്ങി. ഉള്ളിൽ നിറഞ്ഞ മുഴുവൻ സ്നേഹവും ആ വാക്കുകളിലും, ആ സ്പർശനത്തിലും ഉണ്ടായിരുന്നു. അവൾ അതിനു മറുപടിയൊന്നും പറഞ്ഞില്ല. പകരം ആ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന കണ്ണീർ അവളുടെ കവിളിണകളെ നനയിച്ചു കൊണ്ട് താഴേയ്ക്കൊഴുകി. ഞാൻ എന്റെ കൈകൾ കൊണ്ട് മൃദുവായി ആ കവിളിണകളിൽ ഒഴുകിയ മിഴിനീർ തുടച്ചു. എന്തിനാ മൊളേ നീ കരയണേ? ഈ നിമിഷം വരെ ഉള്ളു കൊണ്ട് കരയുകയായിരുന്നു ഞാൻ. ഇനിയെനിയ്ക്കു കരയാനും സങ്കടപ്പെടാനും വയ്യടാ. നീയും കരയരുത്. എന്നെ കരയിപ്പിക്കരുത്. നിന്നെക്കൂ‍ടാതെ എനിയ്ക്കു ജീവിയ്ക്കാൻ പറ്റുമെന്നു നിനക്കു തോന്നുന്നുണ്ടോ? നിനക്കറിയില്ലേ അത്! അടുത്തത് നിന്റെ ഊഴം എന്ന മട്ടിൽ അവളുടെ ചാമ്പക്കാ നിറമുള്ള തുടുത്ത ചുണ്ടുകളിൽ എനിയ്ക്കുള്ള മറുപടി വരുന്നതും കാത്ത് ഞാനിരുന്നു.

നീയെന്താ ചോദിച്ചത്! എന്തിനാ ഞാൻ കരയണതെന്ന്; അല്ലേ! കൊള്ളാടാനിനക്കറിയോ, നിന്നെ അവസാനം ഫോൺ ചെയ്ത ആ നിമിഷം മുതൽ ഇന്നു വരെ എന്റെ കണ്ണുകൾ തോർന്നിട്ടില്ല. മറ്റുള്ളവരുടെ മുന്നിൽ ചിരിച്ച് മനസ്സുകൊണ്ട് കരയുകയായിരുന്നു ഞാൻ. നിന്നെ ഓർക്കാതെ ഒരു നിമിഷം പോലും ഞാൻ ജീവിച്ചിട്ടില്ല. എന്നെങ്കിലും എന്നെ നീ വിളിയ്ക്കും എന്നു പ്രതീക്ഷിച്ച് കാത്തിരിയ്ക്കുകയായിരുന്നു. ഇന്നലെ നിന്നെ കണ്ടപ്പോഴും കരുതി നീ എന്നെ വിളിയ്ക്കുമെന്ന്. ഒരു വാക്കെങ്കിലും എന്നോട് പറയുമെന്ന്. പക്ഷേ ഒന്നുമുണ്ടായില്ല. നമ്മൾ പിരിഞ്ഞിട്ട് വർഷം ഒന്നര ആകുന്നു അല്ലേടാ. എങ്ങനെയാടാ നമുക്കിത്രയും നാൾ പിരിഞ്ഞിരിയ്ക്കാൻ പറ്റിയത്! എന്റെ പൊട്ടബുദ്ധിയ്ക്ക് എന്തെങ്കിലും ഞാൻ നിന്നോട് പറഞ്ഞാലും നീയിനി എന്നെ വിട്ടു പോകല്ലേടാ. ഇനിയും അങ്ങനെയുണ്ടായാൽ എനിയ്ക്കതു താങ്ങാൻ പറ്റില്ല..” അവളുടെ കണ്ണുകളിൽ വീണ്ടും സ്വരരാഗഗംഗാപ്രവാഹം. എന്റെ കൈകളിൽ അതു താങ്ങുമോ എന്ന സംശയത്തോടെ ഞാൻ വീണ്ടും അവളുടെ കണ്ണുനീർ തുടയ്ക്കാനാഞ്ഞു. പക്ഷേ അവൾ എന്റെ കൈകൾ കൂട്ടിപ്പിടിച്ച്, മുഖമമർത്തി കരഞ്ഞു. എത്ര നാളായടാ ഇതുപോലെ നിന്നെയൊന്നടുത്തു കണ്ടിട്ട്. നിന്നോട് ചേർന്നു നിന്നിട്ട്.” തൊണ്ടയിൽ കുരുങ്ങിപ്പോയ വാക്കുകൾ പുറത്തേയ്ക്കു വരാനാകാതെ അവളുടെ കണ്ഠനാളം തുടിയ്ക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ടാവാം അവൾ വീണ്ടും പൊട്ടിക്കരഞ്ഞു. എന്റെയും കണ്ണുകൾ നിറഞ്ഞു. എനിയ്ക്കു സങ്കടം സഹിയ്ക്കാനായില്ല. എന്തേ ഇത്രയും നാൾ അവളെ എന്റെ ജീവിതത്തിലേയ്ക്ക് തിരിച്ചുവിളിയ്ക്കാൻ എനിയ്ക്കു തോന്നിയില്ല. വെറുതേ കുറേ വർഷങ്ങൾ മനസ്സു വിഷമിപ്പിച്ച് ജീവിതം പാഴാക്കി നടന്നു. എന്നാലും സാരമില്ല. ഒടുവിൽ അവൾ എന്നിലേയ്ക്കു തന്നെ വന്നല്ലോ. അതോർത്തപ്പോൾ എല്ലാ നഷ്ടബോധങ്ങളും എവിടെയോ പോയ്മറഞ്ഞു. എയർ ഇന്ത്യയ്ക്ക് ഒരിയ്ക്കൽക്കൂടി നന്ദി പറയാൻ തോന്നി. മറ്റു എയർ സർവീസ്സുകൾ തെരഞ്ഞെടുക്കാൻ തോന്നാതിരുന്നതിൽ അഭിമാനവും.

കൈകളിൽ നനുത്ത സ്പർഷം ഏറ്റപ്പോൾ ഓർമ്മകളിൽ നിന്നും ഉണർന്നു. അവൾ എന്റെ കൈകൾ ചുംബിയ്ക്കുകയായിരുന്നു. എത്ര നാളായി നിന്റെ ശരീരത്തിൽ ഞാനൊന്ന് ചേർന്നു നിന്നിട്ട്!“അവൾ വീണ്ടും കരയാൻ തുടങ്ങുകയാണെന്നു തോന്നി. പെട്ടെന്നൊരാവേശത്തിൽ ഞാനവളെ എന്റെ ശരീരത്തോടു ചേർത്തു മാറോടണച്ചു. ഉടനെ തന്നെ എനിയ്ക്കു സ്ഥലകാലബോധമുണ്ടായി. അവളെ എന്നിൽ നിന്നും ഉണർത്തി. ഒന്നര വർഷത്തെ പരാതികളും, പരിഭവങ്ങളും വിശേഷങ്ങളുമെല്ലാമുണ്ടായിരുന്നു ഞങ്ങൾക്ക് പരസ്പരം പറഞ്ഞു തീർക്കാൻ. എങ്കിലും സമയം അപ്പോൾ തീരെ കുറവായിരുന്നതു കൊണ്ട് തൽക്കാലത്തേയ്ക്കാണെങ്കിലും പരസ്പരം യാത്രപറഞ്ഞേ മതിയാകുമായിരുന്നുള്ളൂ. പക്ഷേ എന്നിൽ നിന്നും പോകാൻ അവൾക്കൊരു മടി. പിന്നെയും മറ്റെന്തോ പ്രതീക്ഷിച്ചിട്ടെന്ന പോലെ അവളെന്റെ മുഖത്തേക്ക് നോക്കി നിന്നു. സംഭവം എന്താണെന്നു മനസ്സിലായ ഞാൻ അവളെ അവിടെ നിന്നും പറഞ്ഞു വിടാൻ ശ്രമിച്ചെങ്കിലും അവൾ വിടുന്ന പ്രശ്നമില്ല. റോഡാണ്; ഞാൻ വിളിയ്ക്കാം; നാളെ കാണാം എന്നിത്യാദി കാര്യകാരണങ്ങളൊക്കെ പറഞ്ഞ് ഞാൻ പിന്തിരിയാൻ നോക്കി. പക്ഷേ അവൾ വീണ്ടും ചിണുങ്ങിക്കൊണ്ട് നിർബന്ധിയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ റോഡിന്റെ ഇരുവശവും പരിസരവുമെല്ലാം നോക്കി ആരും ഇവിടേയ്ക്ക് ശ്രദ്ധിയ്ക്കുന്നില്ലാ എന്നുറപ്പ് വരുത്തി. പിന്നെ അവളെ ഇറുക്കിപ്പിടിച്ച് അവളുടെ നെറ്റിയിൽ എന്റെ ചുണ്ടുകളമർത്തി ഒരു സുദീർഘമായ ചുംബനം അർപ്പിച്ചു. അവളും എന്നെ വരിഞ്ഞു മുറുക്കി.


                        ************************************
താങ്ക്യു ഫോർ ട്രാവെല്ലിങ്ങ് വിത്ത് എയർ ഇന്ത്യാ. ഗുഡ് ബൈ.
എയർ ഇന്ത്യ ദമ്മാം എയർപോർട്ടിൽ ലാന്റ് ചെയ്തു. സഹയാത്രികർ എല്ലാം അവരുടെ ബാഗുകളും കൊണ്ട് വിമാനത്തിനു പുറത്തിറങ്ങാൻ തയ്യാറായിരിയ്ക്കുന്നു. നാലര മണിക്കൂർ യാത്രയിലെ നാലു മണിക്കൂറോളം നീണ്ട നിദ്രയും, ഇടയ്ക്കു കണ്ട സ്വപ്നത്തിലെ കെട്ടിപ്പുണരലുംചുംബനവുമെല്ലാം കൊണ്ട് ചെറിയ ക്ഷീണത്തോടെ ഞാനും എന്റെ ബാഗ് എടുത്ത് പുറത്തേയ്ക്കിറങ്ങാൻ തയ്യാറായി. പുറത്തേയ്ക്കിറങ്ങുമ്പോഴും സ്വപ്നത്തിൽ എന്നെ ഉണർത്തുവാനെത്തിയ എയർഹോസ്റ്റസ് സുന്ദരിയെ ഞാൻ അവിടെയൊക്കെ പരതുന്നുണ്ടായിരുന്നു!

Sunday, December 30, 2012

നിങ്ങളെ ഞാനെടുത്തോട്ടെ...!

മലയാളത്തിലെ ഒരു പ്രമുഖ പ്രസാധകർ വ്യത്യസ്ഥമായൊരു പ്രോജക്റ്റ് എന്നെ ഏൽപ്പിച്ചു കൊണ്ടുള്ള ഫോൺ വിളീയാണ് ഈ കുറിപ്പിനാധാരം. ആകെ ഒന്നു രണ്ട് പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ കൈയ്യിൽ ഇതേൽപ്പിക്കാനുള്ള കാരണം എന്താണെന്ന് സത്യത്തിൽ എനിക്കും മനസ്സിലായിട്ടില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നു എന്നു കരുതിയിട്ടാണോ എന്തോ...! 

മലയാളത്തിലെ ബ്ലോഗുകളെക്കുറിച്ചും, അതെഴുതുന്ന ബ്ലോഗർമാരെക്കുറിച്ചും, മലയാളം സോഷ്യൽ കമ്മ്യൂണിറ്റി സൈറ്റുകളെക്കുറിച്ചും വിശദമായിട്ടൊരു പുസ്തകം എഴുതി പ്രസിദ്ധീകരിക്കണമെന്നതാണ് അവരുടെ ആവശ്യം. 6 മാസമാണ് പൂർത്തീകരിക്കാനുള്ള കാലാവധി.വെറും 180 ദിവസങ്ങൾക്കുള്ളിൽ ആയിരക്കണക്കിനു ബ്ലോഗർമാരെക്കുറിച്ചുള്ള വിവരങ്ങൾ തപ്പിയെടുക്കാൻ എനിക്കു കഴിയുമെന്നു തോന്നുന്നില്ല. അതു കൊണ്ട് നിങ്ങൾ ഓരോരുത്തരുടെയും സഹായം പ്രതീക്ഷിക്കുന്നു. നിങ്ങളുടെയും, നിങ്ങൾക്കറിയാവുന്ന, താല്പര്യമുള്ള മറ്റുള്ളവരുടെയും ബ്ലോഗുകളുടെ ലിങ്കുകൾ എന്റെ മെയിൽ ഐഡിയിലേക്ക് സെൻഡ് ചെയ്യുകയാണെങ്കിൽ എനിക്കതു വലിയൊരു സഹായമാകും. എന്റെ ഇ-മെയിൽ വിലാസം താഴെ കൊടുക്കുന്നു. 

എന്റെ അറിവു വെച്ച് മലയാളത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമായിട്ടാണെന്നു തോന്നുന്നു. ഇതു പുറത്തിറങ്ങുകയാണെങ്കിൽ ഒരു പക്ഷേ ബ്ലോഗിങ്ങ് ലോകം കൂടുതൽ മറ്റുള്ളവരിലേക്കെത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ. ദയവായി നിങ്ങളുടെ ബ്ലോഗുകളുടെ ലിങ്ക് എനിക്കയച്ചു തന്ന്, ഈ സം‍രംഭത്തിൽ പരമാവധി എന്നെ സഹായിക്കണം. 

---------------------------------------------------------------------------------------------------------------------
കിഴക്കൻകാറ്റിന്റെ കുളിർമ്മയില് കുളിച്ച്, തളിരിലയുടെ പാട്ടുകേട്ട്, മഴക്കീറിന്റെ ഈറനുമുടുത്ത് പുത്തൻപുലരിയിൽ പുതുവർഷം പിറക്കുമ്പോൾ നന്മയുടെയും സ്നേഹത്തിറ്റെയും തിരിച്ചറിവിന്റെയും പുതുനാമ്പായി പുതിയൊരു കാലം ഉയിർകൊള്ളട്ടെയെന്ന പ്രാർത്ഥനയോടെ, സ്നേഹത്തോടെ നവവത്സരാശംസകൾ...!
-------------------------------------------------------------------------------------------------

വിശേഷിപ്പിക്കാൻ വാക്കുകളില്ലാത്ത ക്രൂരതയിൽ പൊലിഞ്ഞ ജ്യോതിയോട് ക്ഷമ ചോദിച്ചു കൊണ്ട്, ഹൃദയാഞ്ചലികളർപ്പിച്ചു കൊണ്ട്, ഇനിയുള്ള കാലം തിരിച്ചറിവില്ലാത്ത ഇരുകാലികളുടെ ബലിദിനമാകേണമേയെന്നു പ്രാർത്ഥിച്ചു കൊണ്ട്......


സ്നേഹത്തോടെ

അസിൻ......
e-mail: asin.info@gmail.com

Wednesday, November 30, 2011

യമ യാമി


മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്‍ത്തമാനം നിനക്കു മുന്നില്‍ തുണിയഴിച്ചാടുമ്പോള്‍
നിനക്കെന്തിനു മാനഭയം.....
നിന്‍റെ കണ്ണുകളിലുള്ള ജാള്യത കാട്ടുന്നു
ഹിജടയാം നിന്‍റെ കുടിലത....
കറുത്ത തുണിയാല്‍ ഹൃദയം മറച്ച നപുംസകമേ
മരിച്ചു വീഴുക നീയിന്നു സത്യമാം വാളിന്‍റെ മൂര്‍ച്ചയില്‍ ...........
ചെങ്കോലണിഞ്ഞ രാജാവിന്‍ നിശബ്ദമാം സദസ്സിലിന്നു-
നീതിയുടെ തലയറുക്കും ബലിചടങ്ങ്.... 
ഹേ കാലമാം കൂടാരമേ...! 
നിന്‍റെ കുടിലിലിന്നു സമയം കുറഞ്ഞുവോ.... 
നിനക്കിന്നു പോകാന്‍ ധൃതിപ്പെടലോ...! 
അരുത്; നില്‍ക്ക നിന്‍ സമയം ബലിപ്പെടാ-
നെന്‍റെ മജ്ജയും മാംസവും നിനക്കിന്നു ദക്ഷിണ..... 
മടിക്കുത്തഴിഞ്ഞ പെണ്‍കിടാവിന്‍റെ രോദനം നിനക്കിന്നു ദക്ഷിണ..... 
എല്ലുന്തിയ ചാവാലിയെന്നു നീ വിളിച്ചയെന്‍റെ കൂടപ്പിറപ്പ് നിനക്കിന്നു ദക്ഷിണ....
നിന്‍റെ സുരതം സഹിയ്ക്കുമാ സൂരതയ്ക്കിന്നു-
മരണത്തിന്‍ മുഖപടം നല്‍കിയ നിന്‍റെ കൈകള്‍ക്കിനി കറുപ്പിന്‍റെ കഠോരത...
ആര്‍ത്തു വിളിയ്ക്കും പേക്കോലങ്ങള്‍ക്കായകലെയാ വൈതരണിയില്‍ വിരാമം....
ഇനിയിവിടെയൊരു നാമജപത്തിനും സമയമില്ല....!
ഇനിയിവിടെയൊരു കുരിശുവരയ്ക്കുലിനും സന്തി മാത്രം....!
ഇനിയിവിടെയൊരു ആത്മസമര്‍പ്പണത്തിനൊരുങ്ങും മനസ്സിനും ഞാനെന്ന ഭാവം...!

Monday, July 11, 2011

ഓര്‍മ്മകളില്ലാതെ.....

ഞാന്‍ ഹൃദയമില്ലാത്തവനെന്നാരോ
ഇരുട്ടിന്റെ മറവില്‍ പറയുന്നതു കേട്ടു
എന്റെ
 ഹൃദയം ശൂന്യമാണെന്ന് അവര്‍ കരുതുന്നുവോ.....
ശുദ്ധ നുണയന്മാര്‍ ....!
ഹൃദയമില്ലാത്ത പിശാചുക്കള്‍ .....

വേനല്‍മഴ പെയ്തിറങ്ങി
മണ്ണിന്റെ വരള്‍ച്ച മാറ്റുന്നത്
ആര്‍ക്കു വേണ്ടിയായിരുന്നു.....
പെണ്ണിന്റെ മനസ്സിനെ ഒരിക്കലും ആ വേനല്‍മഴയ്ക്
നനയ്ക്കുവാന്‍ പറ്റില്ലെന്നറിഞ്ഞതാരാണ്‍..........

“പിരിഞ്ഞാലും പറിച്ചുമാറ്റാന്‍ പറ്റാത്ത
വേദനയുടെ വാക്കാണു പ്രണയം“
അതാരാണു പറഞ്ഞതെന്നോര്‍മ്മയില്ലിന്നെനിക്ക്
അതു പറഞ്ഞവനിന്നു മരിച്ചുവോ.....
മരണം അവനെ രക്ഷിച്ചുവോ.....

കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
പക്ഷേ.... സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ.....

ഒരിക്കലും നിറയാത്ത കണ്ണുകളില്‍
നനവു പടര്‍ന്നതു നിനക്കു വേണ്ടിയല്ലേ.....
എന്റെ കണ്ണുകള്‍ പറിച്ചു മാറ്റിയതും
ഹൃദയം ചീന്തിയെറിഞ്ഞതും
നിനക്കല്ലാതെ മറ്റാര്‍ക്കു വേണ്ടിയായിരുന്നു.....

എന്റെ കണ്ണുകള്‍ കാണുന്നതു നിന്നെയാണ്
എന്റെ കാതുകള്‍ കേള്‍ക്കുന്നതും നിന്നെയാണ്
എന്നില്‍ നിറയുന്നതു നിന്റെ സുഗന്ധമാണ്
ഞാന്‍ അറിയുന്നത് നിന്റെ സാമീപ്യമാണ്
ഞാന്‍ അനുഭവിക്കുന്നത് നിന്റെ സ്പര്‍ശനമാണ്.....

എനിക്കു നീ ആരൊക്കെയോ ആണ്........
ഇന്നു നിരാശയായ് നീ പിരിഞ്ഞു മായുന്നു
മണ്ണിലെ ഹരിതവര്‍ണ്ണങ്ങള്‍ മായുമ്പോള്‍
വിണ്ണിലെ ചന്ദ്രികയുടെ താരകസേന നശിക്കുമ്പോള്‍
ചിലപ്പോള്‍ ഞാന്‍ നിന്നെയും മറന്നിരിക്കാം.....

ഇടകലരുന്നതു മനസ്സുകളുടെ സുകൃതം
വിടപറയുന്നതു കാലത്തിന്റെ കുസൃതി
എങ്കിലും ഇപ്പോഴും കാലചക്രം നീങ്ങുന്നു
ഒരിക്കലും അവസാനിക്കാത്ത നീണ്ട ചക്രവാളത്തില്‍
ഒരു നിഴലായി മാറുവാന്‍ അര്‍ക്കന്‍ വിതുമ്പുന്നു

കാലിടറിയ വീഥികളില്‍ എനിക്കിനി മരണം
വരണ്ടുണങ്ങിയ മനസ്സുകളിലും ഞാന്‍ മരിച്ചു
ചോരയില്ലാത്തെന്റെയീ ശരീരം വിറങ്ങലിച്ചു
പാടാനറിയാത്ത ഞാനിനി മരണത്തിന്റെ കൂട്ടുകാരന്‍
കാലമേ, നിനക്കു വിട..... ഓര്‍മ്മകളെ, എന്നെ മറക്കുക.....(പഴയൊരു സൃഷ്ടി)

Wednesday, July 6, 2011

ഈ ദുരന്തം ഒഴിവാകുമോ..??

An unavoidable calamity.... but... അതെ.. അതൊഴിവാകുമോ...? സ്വപ്നത്തില്‍ മിന്നി മറഞ്ഞ കാഴ്ചയല്ലിത്.... ഇന്നു മുതല്‍ ഏഴു ദിവസം.... ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇനി വരുന്ന ഏഴ് നാളുകള്‍ അതീവ ജാഗ്രത വേണ്ട ദിവസങ്ങള്‍ .... വിലയെക്കാള്‍ അതീതമായി ഒരു രാജവംശത്തിന്‍റെ അര്‍പ്പണത്തിന്‍റെയും, ഒരു നാടിന്‍റെ പൈതൃകത്തിന്‍റെയും കാവല്‍ വരുന്ന ഏഴ് നാളുകളില്‍ നാം ഓരോരുത്തരിലും ഉണ്ടാവണം.... വരാന്‍ പോകുന്ന ദുരന്തം ഒഴിഞ്ഞു മാറട്ടെ... മാറും.. അങ്ങനെ ആഗ്രഹിയ്ക്കാം നമുക്ക്....!

Thursday, June 16, 2011

കൊല്ലാനാളുണ്ടോ...? കൂടെ ഞാനുണ്ട്.....!!ആത്മരോഷമല്ലിത്..... വിചാരമില്ലാത്ത വികാരവുമല്ല. സാധാരണക്കാരനായ, ഒരു ശരാശരി മലയാളിയായ തനി നാട്ടിന്‍പുറത്തുകാരനായ ഒരുത്തന്‍റെ വിലാപമാണ്, അപേക്ഷയാണ്. സഹിയ്ക്കാന്‍ പറ്റുന്നില്ല, കോടതി മുറിയില്‍ ചങ്കുപൊട്ടിക്കരഞ്ഞ ആ അമ്മയുടെ നിലവിളി; അതു പോലെയുള്ള നൂറുകണക്കിന് അമ്മമാരുടെ മനസ്സു പൊട്ടിയുള്ള കരച്ചില്‍ .


മുലപ്പാലു കൊടുത്ത മാറില്‍ തന്നെ സ്വന്തം മകളുടെ ജീവനറ്റ ശരീരം താങ്ങിപ്പിടിയ്ക്കേണ്ട അമ്മമാരുടെ ശാപം കൊണ്ട് കറുത്തു പോയിരിയ്ക്കുന്നു ഈ മണ്ണ്. വെറി പൂണ്ട പിശാചുക്കളുടെ കൈകളില്‍ക്കിടന്ന് ഞെരിഞ്ഞമര്‍ന്ന പിഞ്ചു ശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു ദൈവത്തിന്‍റെ സ്വന്തം നാട്. കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടു വീണ ആ അമ്മയെക്കണ്ട് സഹിയ്ക്കാന്‍ കഴിയുന്നില്ല. സ്വന്തം മകളുടെ ചോരക്കറ പുരണ്ട, സ്വന്തം ശരീരം പകുത്തു നല്‍കിയ മകളുടെ ഹൃദയരക്തം പുരണ്ട വസ്ത്രം കണ്ടാല്‍ ഏതമ്മയ്ക്കാണു സഹിയ്ക്കാന്‍ കഴിയുക. വലിച്ചു കീറി കൊന്നെറിഞ്ഞ ആ സാധു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖം ഓര്‍മ്മയില്‍ നിന്നു മായുന്നില്ല. വക്കീലന്മാരുടെ വാക്സാമര്‍ത്ഥ്യത്തില്‍ നീതിപീഠത്തിന്‍റെ കണ്ണുകെട്ടി പുറത്തിറങ്ങി സ്വൈര്യവിഹാരം നടത്താന്‍ കാത്തിരിയ്ക്കുന്ന, ആ അമ്മയുടെ കണ്ണുനീരിനു കാരണമായ ഒരു ഹ്രിംസ മൃഗത്തെയും വെറുതെ വിടരുത്. കൊല്ലണം. കൊന്നെറിയണം. ഒരു നീതിപീഠത്തിന്റ്റെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കാന്‍ വിട്ടു കൊടുക്കരുത് അങ്ങനെയുള്ളവനെയും, അവന്മാരെയൊക്കെ ഇതിനു പ്രേരിപ്പിയ്ക്കുന്നവരെയും. അതു തീവ്രവാദമോ, നക്സലിസമോ അല്ല. ഒരു പെണ്ണിന്‍റെ മാനത്തിനു വേണ്ടിയുളള കാവലാണ്. ആണായിപ്പിറന്നവന്‍റെ ചങ്കൂറ്റമാണ്, അവന്‍റെ കടമയാണ്. കൊടികെട്ടി നില്‍ക്കുന്ന, കറുത്ത കോട്ടിട്ട, നിയമത്തിന്‍റെ ദുര്‍ബലതയെ ചോദ്യം ചെയ്ത് കീശ വീര്‍പ്പിയ്ക്കുന്ന മനസ്സാക്ഷിയില്ലാത്തവന്മാര്‍ വാദിയ്ക്കുമ്പോള്‍ നഷ്ടപ്പെട്ടു പോകുന്നത് നീതിയാണ്. ന്യായത്തിന്‍റെ വാദമുഖങ്ങള്‍ മാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന മറ്റൊരു അഭിഭാഷക വിഭാഗത്തിന്‍റെ നട്ടെല്ലാണ്. കറുത്ത കോട്ടിനര്‍ത്ഥം പിശാചിന്‍റെ പരിചാരകന്‍ എന്നല്ല, നീതിയ്ക്കു വേണ്ടി പൊരുതേണ്ട പടയാളിയെന്നാണ്. കണ്ണുമൂടിക്കെട്ടിയ നീതി ദേവതയ്ക്ക് സത്യമല്ല, വാദം മാത്രമാണ് വേണ്ടത് എന്നു തിരുത്തിയെഴുതപ്പെട്ടിരിയ്ക്കുകയാണ് ഇന്ന്... തെളിവുകള്‍ കാട്ടി സത്യത്തെ മറയ്ക്കുവാന്‍ കഴിയുന്ന ഈ ലോകത്ത് സത്യത്തിനു വേണ്ടി പോരാടണം. അവിടെയാണ് പട വെട്ടേണ്ടത്. പ്രകോപനമല്ലിത്, ഒരോ പെണ്‍ ജന്മത്തിനും വേണ്ടിയുള്ള അപേക്ഷയാണ്. പെണ്ണിനെ വെറും ഉപകരണമാക്കിയ മൃഗങ്ങള്‍ക്ക് ശിക്ഷ കിട്ടണം. അതിനു കഴിവില്ലാത്ത നിയമമാണെങ്കില്‍ അതിനു കഴിവും ചങ്കുറപ്പുമുള്ള ആയിരങ്ങളുണ്ട് ഇവിടെ. ആവശ്യമില്ലാതെ സര്‍ക്കാര്‍ ബസിനെറിയുന്ന കല്ലില്‍ ഒരെണ്ണം ഇതു പോലുള്ള മൃഗങ്ങളുടെ ശിരസ്സിനു നേരേ എറിയണം. എറിഞ്ഞു വീഴ്ത്തണം മനസ്സു കറുത്തു പോയ ഈ വിടന്മാരെ. ആണായിപ്പിറന്നവന്‍റെ മാനത്തിന് തിരശ്ശീല വീഴ്ത്തുന്ന, പെണ്ണിന്‍റെ മാനം ചീന്തിയെറിയുന്ന ഇവന്മാരെപ്പോലുള്ളവര്‍ മരണത്തില്‍ക്കുറഞ്ഞുള്ള ഒന്നും അര്‍ഹിയ്ക്കുന്നില്ല. ഓരോ പെണ്ണും ജനിച്ചു വീഴുന്നത് ഒരു തലമുറയുടെ സ്വപ്ന സന്തതിയായിട്ടാണ്. പെണ്ണ് ഉപഭോഗമോ, ഉപയോഗമോ മാത്രമല്ല, അമ്മയും പെങ്ങളും ഭാര്യയും മകളുമാകും. ഓരോ പെണ്ണിനും ഓരോ കര്‍മ്മമുണ്ട്. ആ കര്‍മ്മത്തിനു വഴിതടസ്സമുണ്ടാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു നാടിന്‍റെ തന്നെ പൈതൃകമാണ്. പ്രതികരിയ്ക്കേണ്ട നിയമം നിശബ്ദമാകുമ്പോള്‍ പ്രതികരിയ്ക്കേണ്ടത് നമ്മളാണ്. “വിധി” എന്ന രണ്ടക്ഷരത്തില്‍ ഒതുക്കരുത് ഒരു പെണ്ണിന്‍റെ മാനവും, ജീവനും. ഒന്നാലോചിയ്ക്കൂ, ആ അമ്മയ്ക്ക്, സ്വന്തം മകളുടെ ജീവനില്ലാത്ത ശരീരം മനസ്സില്‍ കൊണ്ടു നടക്കേണ്ട തലവിധിയുണ്ടായ സൌമ്യയെന്ന ആ സാധു പെണ്‍കുട്ടിയുടെ മാതാവിന് മരണം വരെ കണ്ണീര്‍ പൊഴിയ്ക്കാത്ത ഒരു ദിനം ഇനി ബാക്കി കിട്ടുമോ? ആ മകളെക്കുറിച്ചോര്‍ത്ത് തേങ്ങാതെ ആ സാധുവിനിനി ഒരു പിടി ആഹാരം തൊണ്ടയ്ക്കു കീഴെ ഇറക്കാന്‍ കഴിയുമോ? ആ മകളുടെ ഓമനത്തമുള്ള മുഖം ഓര്‍മ്മയില്‍ നിറച്ച് സമാധാനമായി ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ പറ്റുമോ അവര്‍ക്ക്? ഇല്ല. അതേ ഉള്ളൂ ഈ ചോദ്യങ്ങള്‍ക്കുത്തരം. ഒരു തരിമ്പ് മനഃസാക്ഷിയുള്ള ഏതോരാള്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ ആ അമ്മയുടെ കണ്ണുനീരിന്‍റെ നനവ്. ഒരുപാടൊരുപാട് അമ്മമാരുടെ കണ്ണൂനീരും, പെണ്‍കുട്ടികളുടെ ചോരയും വീണ് ഒരു ശവപ്പറമ്പായിരിയ്ക്കുന്നു നമ്മുടെ ഈ നാട്. ഇതിനു പൂര്‍ണ്ണമായൊരറുതി..? ഇല്ല, അതിനി ഉണ്ടാവില്ല. പക്ഷേ ഇനി ഒരമ്മയും കരയാതിരിയ്ക്കാന്‍ വേണ്ടി, നമ്മള്‍ ശ്രമിച്ചാല്‍ നടക്കും. പെണ്ണിന്‍റെ നേരേ കഴുകന്‍ കണ്ണു തിരിച്ച് ഒരുത്തന്‍ നോക്കാന്‍ ഒരുമ്പെട്ടാല്‍ അവന്‍ രണ്ടു വട്ടം ചിന്തിയ്ക്കണം, മരണം മുന്നിലുണ്ടെന്ന് ഓര്‍മ്മ വരണം അവന്. ആ ഓര്‍മ്മ അവനെ പിന്തിരിപ്പിയ്ക്കണം. ആ ഓര്‍മ്മ അവനുണ്ടാവണമെങ്കില്‍ , ഇനിയൊരമ്മയുടെയും കരച്ചില്‍ കേട്ട് നമുക്ക് കണ്ണ് നനയാതിരിയ്ക്കണമെങ്കില്‍ , കൊല്ലണം അവനെ. സൌമ്യയെന്ന ആ സാധുവിനെ നിഷ്കരുണം പിച്ചിച്ചീന്തിയ ആ വിടനെയും, കൂടെ നില്‍ക്കുന്നവരെയും കൊന്നെറിയണം. അതൊരു പാഠമാകണം അതുപോലുള്ളവന്മാര്‍ക്ക്. അതു നീതിപീഠത്തിനെതിരെയുള്ള വെല്ലുവിളിയാവില്ല. തെളിവുകള്‍ കൊണ്ട് മാത്രം ശിക്ഷ നടപ്പാക്കാന്‍ വിധിയ്ക്കപ്പെട്ട ഓരോ വിചാരകനും ആഗ്രഹിയ്ക്കുനുണ്ടാവും അത്. ദയയുടെ തരിമ്പെങ്കിലും ശേഷിയ്ക്കുന്ന ഓരോ നിയമപാലകനും കൊതിയ്ക്കുന്നുണ്ടാവും അതിനു വേണ്ടി. മനസ്സില്‍ നന്മയുള്ള ഓരോ മനുഷ്യനും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടാവും ആ നിമിഷം. നിയമം നിയമത്തിന്‍റെ വഴിയ്ക്കു നടക്കും എന്നു പറഞ്ഞ് ഒഴിഞ്ഞു മാറരുത്. നീതി കിട്ടണം അവള്‍ക്ക്. ഇനിയൊരമ്മയും കരയരാന്‍ പാടില്ല. ഒരു പെണ്ണും മാനത്തിനും ജീവനും വേണ്ടി യാചിയ്ക്കാന്‍ പാടില്ല, ഇനിയെങ്കിലും ഉണരണം നമ്മുടെ മനസ്സാക്ഷി. ഉറക്കം നടിയ്ക്കരുത് നാം.നിയമം തെളിവിനെ മാത്രം ആശ്രയിയ്ക്കുമ്പോള്‍ , സത്യത്തിന്‍റെ കണ്ണ് കൂട്ടിക്കെട്ടുമ്പോള്‍ ഒറ്റയ്ക്കാവുന്നത് നീതിയാണ്. നഷ്ടപ്പെടുന്നത് ജീവിതങ്ങളാണ്. തിരിച്ചു കൊണ്ടു വരണം നമുക്ക് സത്യത്തിന്‍റെ മൂടിക്കെട്ടിയ കണ്ണുകളെ. പിച്ചിച്ചീന്താന്‍ വിട്ടു കൊടുക്കരുത് ഇനി ഒരു ജീവിതത്തെയും. ഒരു പെണ്ണിന്‍റെയെങ്കിലും മാനം രക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ , ഒരമ്മയുടെയെങ്കിലും കണ്ണുനീര്‍ ഈ മണ്ണില്‍ വീഴാതിരിയ്ക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സന്തോഷിച്ചു കൂടെ.... പെണ്ണിന്‍റെ മാനവും, ഒരമ്മയുടെ സമാധാനവും കിട്ടുമെങ്കില്‍ കൊല്ലാന്‍ ഞാന്‍ തയ്യാര്‍ , മരിയ്ക്കാനും. ഒരമ്മയ്ക്കു വേണ്ടിയല്ലേ.. മരിയ്ക്കാനും എനിയ്ക്കു പേടിയില്ല.