ആത്മരോഷമല്ലിത്..... വിചാരമില്ലാത്ത വികാരവുമല്ല. സാധാരണക്കാരനായ, ഒരു ശരാശരി മലയാളിയായ തനി നാട്ടിന്‍പുറത്തുകാരനായ ഒരുത്തന്റെ വിലാപമാണ്, അപേക്ഷയാണ്. സഹിയ്ക്കാന്‍ പറ്റുന്നില്ല, കോടതി മുറിയില്‍ ചങ്കുപൊട്ടിക്കരഞ്ഞ ആ അമ്മയുടെ നിലവിളി; അതു പോലെയുള്ള നൂറുകണക്കിന് അമ്മമാരുടെ മനസ്സു പൊട്ടിയുള്ള കരച്ചില് .
മുലപ്പാലു കൊടുത്ത മാറില്‍ തന്നെ സ്വന്തം മകളുടെ ജീവനറ്റ ശരീരം താങ്ങിപ്പിടിയ്ക്കേണ്ട അമ്മമാരുടെ ശാപം കൊണ്ട് കറുത്തു പോയിരിയ്ക്കുന്നു ഈ മണ്ണ്. വെറി പൂണ്ട പിശാചുക്കളുടെ കൈകളില്‍ക്കിടന്ന് ഞെരിഞ്ഞമര്‍ന്ന പിഞ്ചു ശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിയ്ക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്. കോടതി മുറിയില്‍ മോഹാലസ്യപ്പെട്ടു വീണ ആ അമ്മയെക്കണ്ട് സഹിയ്ക്കാന്‍ കഴിയുന്നില്ല. സ്വന്തം മകളുടെ ചോരക്കറ പുരണ്ട, സ്വന്തം ശരീരം പകുത്തു നല്കിയ മകളുടെ ഹൃദയരക്തം പുരണ്ട വസ്ത്രം കണ്ടാല്‍ ഏതമ്മയ്ക്കാണു സഹിയ്ക്കാന്‍ കഴിയുക. വലിച്ചു കീറി കൊന്നെറിഞ്ഞ ആ സാധു പെണ്‍കുട്ടിയുടെ നിഷ്കളങ്കമായ മുഖം ഓര്‍മ്മയില്‍ നിന്നു മായുന്നില്ല.
വക്കീലന്മാരുടെ വാക്സാമര്‍ത്ഥ്യത്തില്‍ നീതിപീഠത്തിന്റെ കണ്ണുകെട്ടി പുറത്തിറങ്ങി സ്വൈര്യവിഹാരം നടത്താന്‍ കാത്തിരിയ്ക്കുന്ന, ആ അമ്മയുടെ കണ്ണുനീരിനു കാരണമായ ഒരു ഹ്രിംസ മൃഗത്തെയും വെറുതെ വിടരുത്. കൊല്ലണം. കൊന്നെറിയണം. ഒരു നീതിപീഠത്തിന്റ്റെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ചു നില്ക്കാന് വിട്ടു കൊടുക്കരുത് അങ്ങനെയുള്ളവനെയും, അവന്മാരെയൊക്കെ ഇതിനു പ്രേരിപ്പിയ്ക്കുന്നവരെയും. അതു തീവ്രവാദമോ, നക്സലിസമോ അല്ല. ഒരു പെണ്ണിന്റെ മാനത്തിനു വേണ്ടിയുളള കാവലാണ്. ആണായിപ്പിറന്നവന്റെ ചങ്കൂറ്റമാണ്, അവന്റെ കടമയാണ്.
കൊടികെട്ടി നില്ക്കുന്ന, കറുത്ത കോട്ടിട്ട, നിയമത്തിന്റെ ദുര്‍ബലതയെ ചോദ്യം ചെയ്ത് കീശ വീര്‍പ്പിയ്ക്കുന്ന മനസ്സാക്ഷിയില്ലാത്തവന്മാര്‍ വാദിയ്ക്കുമ്പോള് നഷ്ടപ്പെട്ടു പോകുന്നത് നീതിയാണ്. ന്യായത്തിന്റെ വാദമുഖങ്ങള്‍ മാത്രം മനസ്സില്‍ കൊണ്ടു നടക്കുന്ന മറ്റൊരു അഭിഭാഷക വിഭാഗത്തിന്റെ നട്ടെല്ലാണ്. കറുത്ത കോട്ടിനര്‍ത്ഥം പിശാചിന്റെ പരിചാരകന് എന്നല്ല, നീതിയ്ക്കു വേണ്ടി പൊരുതേണ്ട പടയാളിയെന്നാണ്. കണ്ണുമൂടിക്കെട്ടിയ നീതി ദേവതയ്ക്ക് സത്യമല്ല, വാദം മാത്രമാണ് വേണ്ടത് എന്നു തിരുത്തിയെഴുതപ്പെട്ടിരിയ്ക്കുകയാണ് ഇന്ന്... തെളിവുകള്‍ കാട്ടി സത്യത്തെ മറയ്ക്കുവാന്‍ കഴിയുന്ന ഈ ലോകത്ത് സത്യത്തിനു വേണ്ടി പോരാടണം. അവിടെയാണ് പട വെട്ടേണ്ടത്.
പ്രകോപനമല്ലിത്, ഒരോ പെണ് ജന്മത്തിനും വേണ്ടിയുള്ള അപേക്ഷയാണ്. പെണ്ണിനെ വെറും ഉപകരണമാക്കിയ മൃഗങ്ങള്‍ക്ക് ശിക്ഷ കിട്ടണം. അതിനു കഴിവില്ലാത്ത നിയമമാണെങ്കില്‍ അതിനു കഴിവും ചങ്കുറപ്പുമുള്ള ആയിരങ്ങളുണ്ട് ഇവിടെ. ആവശ്യമില്ലാതെ സര്‍ക്കാര്‍ ബസിനെറിയുന്ന കല്ലില്‍ ഒരെണ്ണം ഇതു പോലുള്ള മൃഗങ്ങളുടെ ശിരസ്സിനു നേരേ എറിയണം. എറിഞ്ഞു വീഴ്ത്തണം മനസ്സു കറുത്തു പോയ ഈ വിടന്മാരെ. ആണായിപ്പിറന്നവന്റെ മാനത്തിന് തിരശ്ശീല വീഴ്ത്തുന്ന, പെണ്ണിന്റെ മാനം ചീന്തിയെറിയുന്ന ഇവന്മാരെപ്പോലുള്ളവര് മരണത്തില്‍ക്കുറഞ്ഞുള്ള ഒന്നും അര്‍ഹിയ്ക്കുന്നില്ല.
ഓരോ പെണ്ണും ജനിച്ചു വീഴുന്നത് ഒരു തലമുറയുടെ സ്വപ്ന സന്തതിയായിട്ടാണ്. പെണ്ണ് ഉപഭോഗമോ, ഉപയോഗമോ മാത്രമല്ല, അമ്മയും പെങ്ങളും ഭാര്യയും മകളുമാകും. ഓരോ പെണ്ണിനും ഓരോ കര്‍മ്മമുണ്ട്. ആ കര്‍മ്മത്തിനു വഴിതടസ്സമുണ്ടാകുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ തന്നെ പൈതൃകമാണ്. പ്രതികരിയ്ക്കേണ്ട നിയമം നിശബ്ദമാകുമ്പോള്‍ പ്രതികരിയ്ക്കേണ്ടത് നമ്മളാണ്. “വിധി” എന്ന രണ്ടക്ഷരത്തില്‍ ഒതുക്കരുത് ഒരു പെണ്ണിന്റെ മാനവും, ജീവനും.
ഒന്നാലോചിയ്ക്കൂ, ആ അമ്മയ്ക്ക്, സ്വന്തം മകളുടെ ജീവനില്ലാത്ത ശരീരം മനസ്സില്‍ കൊണ്ടു നടക്കേണ്ട തലവിധിയുണ്ടായ സൌമ്യയെന്ന ആ സാധു പെണ്‍കുട്ടിയുടെ മാതാവിന് മരണം വരെ കണ്ണീര് പൊഴിയ്ക്കാത്ത ഒരു ദിനം ഇനി ബാക്കി കിട്ടുമോ? ആ മകളെക്കുറിച്ചോര്‍ത്ത് തേങ്ങാതെ ആ സാധുവിനിനി ഒരു പിടി ആഹാരം തൊണ്ടയ്ക്കു കീഴെ ഇറക്കാന്‍ കഴിയുമോ? ആ മകളുടെ ഓമനത്തമുള്ള മുഖം ഓര്‍മ്മയില്‍ നിറച്ച് സമാധാനമായി ഒരു രാത്രിയെങ്കിലും ഉറങ്ങാന്‍ പറ്റുമോ അവര്‍ക്ക്? ഇല്ല. അതേ ഉള്ളൂ ഈ ചോദ്യങ്ങള്‍ക്കുത്തരം. ഒരു തരിമ്പ് മനഃസാക്ഷിയുള്ള ഏതോരാള്‍ക്കും മനസ്സിലാകാവുന്നതേ ഉള്ളൂ ആ അമ്മയുടെ കണ്ണുനീരിന്റെ നനവ്. ഒരുപാടൊരുപാട് അമ്മമാരുടെ കണ്ണൂനീരും, പെണ്‍കുട്ടികളുടെ ചോരയും വീണ് ഒരു ശവപ്പറമ്പായിരിയ്ക്കുന്നു നമ്മുടെ ഈ നാട്. ഇതിനു പൂര്‍ണ്ണമായൊരറുതി..? ഇല്ല, അതിനി ഉണ്ടാവില്ല. പക്ഷേ ഇനി ഒരമ്മയും കരയാതിരിയ്ക്കാന്‍ വേണ്ടി, നമ്മള് ശ്രമിച്ചാല്‍ നടക്കും. പെണ്ണിന്റെ നേരേ കഴുകന് കണ്ണു തിരിച്ച് ഒരുത്തന് നോക്കാന്‍ ഒരുമ്പെട്ടാല്‍ അവന് രണ്ടു വട്ടം ചിന്തിയ്ക്കണം, മരണം മുന്നിലുണ്ടെന്ന് ഓര്‍മ്മ വരണം അവന്. ആ ഓര്‍മ്മ അവനെ പിന്തിരിപ്പിയ്ക്കണം. ആ ഓര്‍മ്മ അവനുണ്ടാവണമെങ്കില്‍ , ഇനിയൊരമ്മയുടെയും കരച്ചില് കേട്ട് നമുക്ക് കണ്ണ് നനയാതിരിയ്ക്കണമെങ്കില്‍ , കൊല്ലണം അവനെ. സൌമ്യയെന്ന ആ സാധുവിനെ നിഷ്കരുണം പിച്ചിച്ചീന്തിയ ആ വിടനെയും, കൂടെ നില്‍ക്കുന്നവരെയും കൊന്നെറിയണം. അതൊരു പാഠമാകണം അതുപോലുള്ളവന്മാര്‍ക്ക്. അതു നീതിപീഠത്തിനെതിരെയുള്ള വെല്ലുവിളിയാവില്ല. തെളിവുകള്‍ കൊണ്ട് മാത്രം ശിക്ഷ നടപ്പാക്കാന്‍ വിധിയ്ക്കപ്പെട്ട ഓരോ വിചാരകനും ആഗ്രഹിയ്ക്കുനുണ്ടാവും അത്. ദയയുടെ തരിമ്പെങ്കിലും ശേഷിയ്ക്കുന്ന ഓരോ നിയമപാലകനും കൊതിയ്ക്കുന്നുണ്ടാവും അതിനു വേണ്ടി. മനസ്സില്‍ നന്മയുള്ള ഓരോ മനുഷ്യനും പ്രാര്‍ത്ഥിയ്ക്കുന്നുണ്ടാവും ആ നിമിഷം.
നിയമം നിയമത്തിന്റെ വഴിയ്ക്കു നടക്കും എന്നു പറഞ്ഞ് ഒഴിഞ്ഞു മാറരുത്. നീതി കിട്ടണം അവള്‍ക്ക്. ഇനിയൊരമ്മയും കരയരാന്‍ പാടില്ല. ഒരു പെണ്ണും മാനത്തിനും ജീവനും വേണ്ടി യാചിയ്ക്കാന്‍ പാടില്ല, ഇനിയെങ്കിലും ഉണരണം നമ്മുടെ മനസ്സാക്ഷി. ഉറക്കം നടിയ്ക്കരുത് നാം.
നിയമം തെളിവിനെ മാത്രം ആശ്രയിയ്ക്കുമ്പോള്‍ , സത്യത്തിന്റെ കണ്ണ് കൂട്ടിക്കെട്ടുമ്പോള്‍ ഒറ്റയ്ക്കാവുന്നത് നീതിയാണ്. നഷ്ടപ്പെടുന്നത് ജീവിതങ്ങളാണ്. തിരിച്ചു കൊണ്ടു വരണം നമുക്ക് സത്യത്തിന്റെ മൂടിക്കെട്ടിയ കണ്ണുകളെ. പിച്ചിച്ചീന്താന്‍ വിട്ടു കൊടുക്കരുത് ഇനി ഒരു ജീവിതത്തെയും. ഒരു പെണ്ണിന്റെയെങ്കിലും മാനം രക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ , ഒരമ്മയുടെയെങ്കിലും കണ്ണുനീര് ഈ മണ്ണില്‍ വീഴാതിരിയ്ക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സന്തോഷിച്ചു കൂടെ.... പെണ്ണിന്റെ മാനവും, ഒരമ്മയുടെ സമാധാനവും കിട്ടുമെങ്കില്‍ കൊല്ലാന്‍ ഞാന്‍ തയ്യാര്‍ , മരിയ്ക്കാനും. ഒരമ്മയ്ക്കു വേണ്ടിയല്ലേ.. മരിയ്ക്കാനും എനിയ്ക്കു പേടിയില്ല.
ഒരു പെണ്ണിന്റെയെങ്കിലും മാനം രക്ഷിയ്ക്കുവാന്‍ കഴിഞ്ഞാല്‍ , ഒരമ്മയുടെയെങ്കിലും കണ്ണുനീര് ഈ മണ്ണില്‍ വീഴാതിരിയ്ക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് സന്തോഷിച്ചു കൂടെ.... പെണ്ണിന്റെ മാനവും, ഒരമ്മയുടെ സമാധാനവും കിട്ടുമെങ്കില്‍ കൊല്ലാന്‍ ഞാന്‍ തയ്യാര്‍ , മരിയ്ക്കാനും. ഒരമ്മയ്ക്കു വേണ്ടിയല്ലേ.. മരിയ്ക്കാനും എനിയ്ക്കു പേടിയില്ല... ഇതാവണം...ഇന്നത്തെയുവത്വം...നന്മനിറഞ്ഞ മനസ്സിന് ഈഉള്ളവന്റേയും ചങ്ങാത്തം........
ReplyDeleteധാര്‍മിക രോഷം ഉള്‍ക്കൊള്ളുന്നു...ശിക്ഷയുടെ അപര്യാപ്തതയാണ് പ്രധാനകാരണം.
ReplyDelete//ആവശ്യമില്ലാതെ സര്‍ക്കാര്‍ ബസിനെറിയുന്ന കല്ലില്‍ ഒരെണ്ണം ഇതു പോലുള്ള മൃഗങ്ങളുടെ ശിരസ്സിനു നേരേ എറിയണം. എറിഞ്ഞു വീഴ്ത്തണം മനസ്സു കറുത്തു പോയ ഈ വിടന്മാരെ. ആണായിപ്പിറന്നവന്റെ മാനത്തിന് തിരശ്ശീല വീഴ്ത്തുന്ന, പെണ്ണിന്റെ മാനം ചീന്തിയെറിയുന്ന ഇവന്മാരെപ്പോലുള്ളവര് മരണത്തില്‍ക്കുറഞ്ഞുള്ള ഒന്നും അര്‍ഹിയ്ക്കുന്നില്ല.//
ReplyDeleteഈ പറഞ്ഞത് എത്ര ശരി....
നമ്മുടെ അഭിഭാഷകരില്‍, എന്‍ട്രോള്‍മെന്റ് സമയത്ത് എടുക്കുന്ന പ്രതിഞ്ജ അനുസരിച്ച് പ്രാക്ടീസ് ചെയ്യുന്ന ആരെങ്കിലും ഉണ്ടാവുമോ !!
നല്ല പോസ്റ്റ്.... ആശംസകള്‍....
ശക്തമായ പ്രതികരണം. പെണ്ണുങ്ങളുടെ മാനം രക്ഷിക്കാന്‍
ReplyDeleteആണുങ്ങള് ഇറങ്ങി പുറപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
രോഷം ജ്വലിയ്ക്കുമ്പോഴും നിസ്സഹായതയുടേയും ദൌര്ബല്യത്തിന്റേയും സ്വരവും മുഖവും തന്നെ മുന്‍പന്തിയില്‍..
ReplyDeleteസങ്കടാവുന്നൂ എന്നല്ലാതെ വേറൊന്നും പറയാന്‍ അറിയില്ലാ...ആശംസകള്‍ അസിന്.
@keraladasanunni
ReplyDeleteപൊന്നു ചേട്ടോ, ഇനി ആണുങ്ങള് ഇതിനു കൂടി ഇറങ്ങിത്തിരിക്കണ്ട.
ഗോവിന്ദച്ചാമിയും വക്കീലന്മാരും മറ്റ് ഏമാന്‍മാരുമെല്ലാം ആണുങ്ങള്
തന്നെയല്ലോ. പറ്റുമെങ്കില്‍ അവന്മാരെ കേറിയൊന്നു ശരിയാക്ക്.
പെണ്ണുങ്ങളുടെ മാനം കാക്കാനിറങ്ങി കൂടുതല്‍
ദ്രോഹിക്കേണ്ട.
കുറിപ്പ് ശക്തം. നിസ്സഹായതയുടെ മേല്‍ ഓരോ ആണിയും
അടിച്ചു കൊണ്ടിരിക്കുന്നതിനിടെ ഇങ്ങിനെയൊക്കെ
ആഗ്രഹിച്ചു പോയാല്‍ തെറ്റു പറയാനാവില്ല.
ഹൃദയം പൊട്ടി രക്തം ചീറ്റുന്ന വാക്കുകള്‍.
ReplyDeleteനമ്മുടെ നാട്ടിലെ നിയമവും കോടതിയും
റിയാലിറ്റി ഷോ കാണാന്‍ പോയിരിക്കുകയാണ്.
വിതുരക്ലബ്ബില് ഒറ്റക്കയ്യന്‍ ചാമിയുടെ മെയ് അഭ്യാസം കണ്ടു
അവര്‍ മാര്‍ക്കിട്ടു മടങ്ങി വരും വരെ നീതിക്കും ന്യായത്തിനും വിട
@ചന്തുവേട്ടന് .. നന്ദി... വന്നതിന്... വായിച്ചതിന്... യുവത്വത്തിന്റെ കൂടെ നിന്നതിന്...
ReplyDelete@ajith ചേട്ടന് അതെ, ശിക്ഷയുടെ അപര്യാപ്തത തന്നെയാണ് കാരണം... നന്ദി... സന്തോഷം ഈ വായനയ്ക്ക്
@Lipi Ranju അതെ... ആ പ്രതിജ്ഞ നിറവേറ്റുന്ന ആരാ ഉള്ളത്... നന്ദി വന്നതിനും വായിച്ചതിനും....
@keraladasanunni.. അതെ ഉണ്ണിയേട്ടാ... സന്തോഷമുണ്ട് വന്നതിന്...
@വര്‍ഷിണി.. അതെ വര്ഷിണീ... രോഷം ജ്വലിയ്ക്കുമ്പോഴും നിസ്സഹായത തന്നെയാണ്... ആ നിസ്സഹായതയാണീ രോഷത്തിനും കാരണം... സങ്കടപ്പെടേണ്ട.... എല്ലാം ശരിയാകുമായിരിയ്ക്കും...,
@ഒരില വെറുതെ... അതെ... ഒരായിരം ഇലകളുണ്ടാവാം ഇങ്ങനെ വെറുതെയെങ്കിലും ചിന്തിച്ചു പോകുന്നവര്‍ .. അക്കൂട്ടത്തില്‍ ഞാനും... അത്ര മാത്രം... നന്ദി ഈ അദ്യ വരവിന്... വായനയ്ക്ക്...
@കെ.എം. റഷീദ് അതെ ഇക്കാ... നമ്മുട്വ് നിയമം ഷോ കാണുകയാണ്... കാണിയ്ക്കയാണ്... വിട തന്നെയാണ്.... നന്ദി ഈ അദ്ദയവരവിനും, വായനയ്ക്കും....
അരേ ദുരാചാര നിശംസ കംസാ
ReplyDeleteപരാക്രമം സ്ത്രീകളോടല്ല വേണ്ടു
തവാന്തകന്‍ ഭൂമി തലേ ജനിച്ചു
വേഗേന സര്‍വ്വത്ര തിരഞ്ഞു കൊള്‍ക
ഒരു പിറവിക്കായി ആഗ്രഹിക്കാം...ഇതെല്ലാം ഉന്മൂലനം ചെയ്യുന്നൊരു അവതാര പിറവിക്കായി
ഇന്ന് നവമ്പർ പതിനൊന്ന് (11-11-‘11) ഗോവിന്ദച്ചാമിയെന്ന നരാധമനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു. ഇവിടെ നിയമത്തിന്റെ തൂലിക ശക്തമായി ചലിച്ചിരിക്കുന്നു. വലിയ കുറ്റങ്ങൾക്ക് ഇത്തരം നല്ല ശിക്ഷ ഇനിയുമുണ്ടാകട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം....
ReplyDelete