Pages

Wednesday, May 18, 2011

ഭാഗം രണ്ട്...



                 അന്നൊന്നും പഠിത്തത്തിൽ വലിയ മിടുക്കനൊന്നും ആയിരുന്നില്ല ഞാന്‍. പത്താം തരം വരെ ക്ലാസ്സിൽ ബഞ്ചിന്റെ ഓരത്ത് ഒതുങ്ങിക്കൂടിയിരുന്ന്, നീളൻ ഫുള്കൈ ഷർട്ടിട്ട്, തലമുടി കോതിയൊതുക്കാതെ ഒരന്തർമുഖനായിട്ടായിരുന്നു എന്റെ സ്കൂൾജീവിതം. പെൺകുട്ടികളുമായി സൌഹൃദമില്ലാതെ, അവരുമായി അധികം സംസാരിയ്ക്ക പോലും ചെയ്യാതെ, ആൺകുട്ടികളോടും വലിയ അടുപ്പമൊന്നും ഇല്ലാതെ ആ കാലം വേഗത്തിൽ കൊഴിഞ്ഞു പോയി. എങ്കിലും അവർ എന്റെ എന്നത്തെയും നല്ല സുഹൃത്തുക്കളായി ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഓരോ മുഖവും ഓരോ പേരുകളും എന്റെ ഓർമ്മയുടെ താളുകളിൽ ഇന്നും മായാതെ കിടപ്പുണ്ട്.
            ഈയിടയ്ക്ക്, അതായത് ഞാന്‍ നാട്ടിലേയ്ക്ക് പോയ കഴിഞ്ഞ വെക്കേഷനില്‍ യാദൃശ്ചികമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടി. സുഹൃത്തെന്നു പറഞ്ഞാൽ ഞങ്ങൾ ഒരേ വർഷം ഒരേ സ്കൂളില്‍ പഠിച്ചിരുന്നു എന്നേയുള്ളൂ, രണ്ടു ക്ലാസ്സുകളിൽ. പക്ഷേ പഠിയ്ക്കുന്ന സമയത്ത് ഞങ്ങൾ സുഹൃത്തുക്കളല്ലായിരുന്നു. സ്കൂളിൽ നിന്നും പിരിഞ്ഞതിനു ശേഷം എന്നോ ഒരിയ്ക്കൽ എവിടെയോ വെച്ചു കണ്ടു. ഓർമ്മപ്പെടുത്തലുകള്‍ക്കൊടുവില്‍ പരസ്പരം നമ്പരുകൾ കൈമാറി. പിന്നെ നല്ല സുഹൃത്തുക്കളായി. വീണ്ടും നാട്ടിൽ വെച്ച് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. ഞാൻ മനസ്സു നിറഞ്ഞ സ്നേഹത്തോടെ തന്നെ അവനെ കെട്ടിപ്പിടിച്ചു. അവൻ എന്നെയും.
”രജീഷിപ്പോ എവിടാടാ?” ഞാൻ അവനോട് ചോദിച്ചു.
രജീഷ്; അവൻ സ്കൂളിൽ എന്റെ ക്ലാസ്സിൽ എന്റെ അടുത്തിരുന്ന് പഠിച്ച എന്റെ കൂട്ടുകാരൻ ആയിരുന്നു. അക്കാലത്ത് വളരെക്കുറച്ചുണ്ടായിരുന്ന എന്റെ സുഹൃത്തുക്കളിൽ മുൻപൻ. ക്ലാസ്സിൽ പഠിയ്ക്കാൻ മിടുക്കനായ വിദ്ധ്യാർത്ഥി. പത്താം ക്ലാസ്സ് പരീക്ഷയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു അവന്. പോളീയിൽ നിന്നും കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിൽ നല്ല മാർക്കോടെ വിജയിയ്ക്കുകയും ചെയ്തു. പക്ഷേ വിധിയുടെ നേർക്ക് പഴികൾ എറിഞ്ഞുകൊടുത്ത് അവൻ ഒരു ഹാർഡ് വെയർ ഷോപ്പിലെ ജോലിക്കാരനായി മാറിയിരുന്നു. എനിയ്ക്കങ്ങനെ ഒരു നിലയിൽ അവനെ കാണാൻ പ്രയാസമായിരുന്നു, കാരണം പഠിത്തത്തില്‍ അത്രയ്ക്കു മിടുക്കനായിരുന്നു അവന്‍. പക്ഷേ കാഴ്ചകളിൽ നിന്നും ഓടിയൊളിച്ചാൽ അവനെയും ഞാൻ നഷ്ടപ്പെടുത്തേണ്ടി വരുമെന്നുള്ളതു കൊണ്ട് ആ സത്യം എനിയ്ക്കും അംഗീകരിച്ചു കൊടുക്കേണ്ടി വന്നു.
“നീ രജീഷിന്റെ കാര്യങ്ങളൊന്നും അറിഞ്ഞില്ലേ?” റിനു എന്ന എന്റെ ആ സുഹൃത്ത് എന്നോട് ചോദിച്ചു. “ ഇല്ല. ഞാൻ വന്നയുടനെ അവനെ വിളിച്ചു. പക്ഷേ മൊബൈൽ നോട്ട് ഇൻ സർവീസ് കാണിയ്ക്കുന്നു. കുറെ നാളായി ഞാൻ ട്രൈ ചെയ്യുവാ. പക്ഷേ കിട്ടുന്നില്ല. അവനെന്തു പറ്റി?”
“അവനൊരു ആക്സിഡന്റ് പറ്റി!” റിനു പറഞ്ഞു.
“ഹയ്യോ! ഞാൻ അറിഞ്ഞിരുന്നില്ല. അതാവും മൊബൈൽ വിളിച്ചിട്ട് കിട്ടാഞ്ഞത്. എന്നിട്ടിപ്പോ എങ്ങനെയുണ്ട്. വല്ല കുഴപ്പവും ഉണ്ടോ?” ഞാൻ ചോദിച്ചു.
“അവനിപ്പോ!” റിനു അർദ്ധോക്തിയിൽ നിർത്തി. മനസ്സിൽ എന്തോ ഒരു അരുതായ്ക കുത്തിനോവിച്ചു. എങ്കിലും അതു വെറും തോന്നലാകണേ എന്നു പ്രാർത്ഥിച്ചുകൊണ്ട് അവനോട്  വീണ്ടൂം ചോദിച്ചു. “എന്താ, എന്തെങ്കിലും കുഴപ്പങ്ങൾ വല്ലതും ഉണ്ടോടാ അവന്. നമുക്കിപ്പോ അവനെ ഒന്നു കാണാൻ പോയാലോ!”
“അവൻ.. മരിച്ചെടാ!” ആ വാക്യം അവൻ മുഴുവൻ പറഞ്ഞിരുന്നില്ല. അതിനു മുൻപേ അവന്റെ ചുണ്ടുകൾ വിതുമ്പുന്നത് ഞാൻ കണ്ടിരുന്നു. അതു കേട്ട എന്റെ മാനസികാവസ്ഥ എന്താണെന്നെനിയ്ക്കറിയില്ലായിരുന്നു. ഞാൻ അവിടെ ഇരുന്നു പോയി. കുറേ നേരം തലയില് കയ്യും വെച്ച്... മനസ്സിലൊരായിരം മിന്നൽപ്പിണരുകൾ ഒരേ സമയം പാഞ്ഞുനടന്നു. ഞാൻ സ്വയം നിർമ്മിച്ച എന്റെ ലോകത്തിലെ കൂട്ടുകാരിൽ ഒരാളാണ് ഭൂമിയിൽ നിന്നും മറ്റൊരു ലോകത്തേയ്ക്ക് യാത്രയായെന്നു കേട്ടത്. എനിയ്ക്കത് താങ്ങാവുന്നതിലും അപ്പുറമായിരുന്നില്ല എങ്കിലും മനസ്സു നിലവിളിച്ചുകൊണ്ടിരുന്നു. അതിന്റെ പ്രതിഫലനമെന്നോണം എന്റെ കണ്ണൂകൾ നിറഞ്ഞിരുന്നു. കണ്ണു തുടച്ച് റിനുവിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ ആ കണ്ണുകളും സജലങ്ങളായിരുന്നു.


(തീര്‍ന്നിട്ടില്ല...)


.

Thursday, May 5, 2011

ഭാഗം ഒന്ന്...


           ഭൂമിയിൽ ജനിച്ചു വീഴുന്ന ഏതൊരു സാധാരണ കുഞ്ഞിനെയും പോലെ കൈകൾ മുറുക്കിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ടു തന്നെയായിരുന്നു എന്റെയും ജനനം. എല്ലാം തന്റെയീ കൈകളിൽ ഒതുക്കിപ്പിടിയ്ക്കും എന്നുള്ള അഹന്തയോടെ ജനിച്ചു വീഴുന്ന അനേകായിരം ജന്മങ്ങളിൽ ഒന്നു മാത്രമായിരുന്നു ഞാനും.
            ജനിച്ചപ്പോൾ കരഞ്ഞ കരച്ചിലല്ലാതെ പിന്നീട് ഞാൻ അധികം കരഞ്ഞിട്ടില്ല എന്ന് എന്നെ വളർത്തിയവരിൽ പലരും പറഞ്ഞിട്ടുണ്ട്. അതിന്റെ കുറവു നികത്തലാകാം ഇന്നു ഞാൻ കരഞ്ഞു തീർക്കുന്നത്.
            കുടുംബത്തിലെ ആദ്യത്തെ സന്തതി ഞാനായിരുന്നു. എന്റെ ഉമ്മയടക്കം ഏഴു മക്കൾ. ആദ്യത്തെ മൂന്നുപേരും ആണ്മക്കൾ. പിനെൻ നേർച്ചകൾ ഒരുപാട് നേർന്നു കിട്ടിയതാണ് മീര എന്ന എന്റെ മാതാവ്. അന്നൊക്കെ ചെറുപ്രായത്തിലേ പെണ്മക്കളെ വിവാഹം കഴിച്ചുകൊടുക്കുന്ന ഏർപ്പാടുണ്ടായിരുന്നതുകൊണ്ട് അവരെയും തന്റെ പതിനാറാമത്തെ വയസ്സിൽ വിവാഹം കഴിച്ചു കൊടുത്തു. ഒരുതരത്തിൽ പറഞ്ഞാൽ അതും ഒരു പ്രണയവിവാഹമായിരുന്നു. പ്രണയം തോന്നിയത് എന്റെ ഉപ്പയ്ക്ക്. അന്ന് സ്കൂളിൽ ഓടിക്കളിച്ചു നടന്ന പെൺകുട്ടിയോട് എന്റെ ഉപ്പയ്ക്ക് തോന്നിയ പ്രണയത്തിന്റെ ബാക്കിപത്രമാണ് ഞാൻ എന്ന ജന്മം. ഉമ്മയുടെ മൂത്ത സഹോദരൻ, അതായത് എന്റെ വലിയമ്മാമ ഉപ്പയുടെ അന്നത്തെ കൂട്ടുകാരൻ ആയിരുന്നു. വലിയമ്മാമയോട് കല്യാണത്തിന് ആഗ്രഹം പ്രകടിപ്പിച്ച എന്റുപ്പയോട് നൂറ് വട്ടം സമ്മതം അറിയിച്ചു അദ്ദേഹം. കാരണം മറ്റൊന്നുമല്ല, കുടുംബത്തിലെ ആദ്യത്തെ പെൺകുട്ടിയെ കെട്ടിച്ചു വിട്ടാൽ മാത്രമേ ആണുങ്ങൾക്കു വിവാഹം കഴിയ്ക്കാൻ അനുവാദം കിട്ടിയിരുന്നുള്ളൂ. വലിയമ്മാമയും ആ സമയത്ത് ഒരു പെൺകുട്ടിയെ നോട്ടമിട്ടു വെച്ചിരുന്നതിനാൽ വിവാഹം വളരെ വേഗം നടന്നു. അടുത്ത വർഷം തന്നെ ഞാൻ ഭൂമിയിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.
            കുടുംബത്തിലെ അടുത്ത കാരണവർ സ്ഥാനം വഹിയ്ക്കേണ്ട ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ എല്ലാവരും തറയിൽ വെയ്ക്കാതെ താലോലിച്ചു കൊണ്ടിരുന്നു. എന്റുമ്മയുടെ കൈകളിൽ ഞാൻ അധികം കുട്ടിക്കാലം ചെലവഴിച്ചിട്ടുണ്ടായിരുന്നില്ല. അഞ്ചു മാമന്മാരും ഒരു കുഞ്ഞമ്മയും പിന്നെ ഇവരുടെയെല്ലാം സംബന്ധക്കാരുമടക്കം ഒരു വൻ പട തന്നെ ഉണ്ടായിരുന്നു എന്റെ പരിചരണത്തിന്.
            ആരൊകെയുണ്ടയിരുന്നെൻകിലും എനിക്കോർമ്മയുള്ള കാലം മുതൽ ഞാൻ വല്ലാത്തൊരു ഏകാന്തത അനുഭവിച്ചു തുടങ്ങിയിരുന്നു. ആ ഏകാന്തത അന്നേ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നും തുടരുകയാണ് ആ ഏകാന്തത. അന്തമില്ലാതെ നീളുന്ന ചക്രവാളം പോലെ ഒരിടത്തും ചെന്നവസാനിയ്ക്കാതെ അത് എന്റെ ജീവിതത്തിൽ കുരുങ്ങിക്കിടക്കുന്നു.

(തീര്‍ന്നിട്ടില്ല...)




.